കുവൈത്ത് സിറ്റി: രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ കുവൈത്ത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ ഫോറം ഫോർ ട്രാൻസ്പോർട്ട് ആൻഡ് സ്മാർട്ട് സർവീസസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർദ്ദിഷ്ട പരിശീലനവും പരീക്ഷയും പൂർത്തിയാക്കിയാൽ മാത്രമേ ഇനി ലൈസൻസ് അനുവദിക്കുകയുള്ളൂ. ഡ്രൈവർമാരുടെ നിലവാരം ഉയർത്താനും റോഡ് സുരക്ഷ ശക്തമാക്കാനുമുള്ള പുതിയ പദ്ധതികളുടെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നാല് ഡ്രൈവിങ് അക്കാദമികൾ ആരംഭിക്കും. കുവൈത്തിൽ താമസിക്കുന്നവർക്ക് 20 മണിക്കൂറും വിദേശത്ത് നിന്ന് എത്തുന്നവർക്ക് 40 മണിക്കൂറും പരിശീലനം നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിംഗ് അക്കാദമികൾ പ്രവർത്തനം ആരംഭിക്കുക സബാഹിയ, സൗത്ത് ഖൈത്താൻ, ക്യാപിറ്റൽ ഗവർണറേറ്റ്, ജഹ്റ എന്നിവിടങ്ങളിലായിരിക്കും. അതേസമയം, ഗുരുതര ട്രാഫിക് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്താനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







