കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ഫ്ളക്സിബിൾ ജോലി സമയം പ്രഖ്യാപിച്ച് കുവൈത്ത്. സിവിൽ സർവീസ് കമ്മീഷൻ അധികൃതരാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇതുപ്രകാരം റമദാൻ കാലയളവിൽ സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം ദിവസേന 4 മണിക്കൂർ 30 മിനിറ്റായി നിശ്ചയിച്ചിട്ടുണ്ട്.
രാവിലെ 8.30 മുതൽ 10.30 മണി വരെയുള്ള ഏത് സമയങ്ങളിലും ജോലി ആരംഭിക്കുന്നത് നിശ്ചയിക്കാൻ ഓരോ സർക്കാർ വകുപ്പുകൾക്കും കമ്മീഷൻ അധികാരം നൽകി. വൈകുന്നേര ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സർക്കാർ വകുപ്പുകൾക്ക് വൈകിട്ട് 6.45-ന് ശേഷമുള്ള രീതിയിൽ ജോലി സമയം 4 മണിക്കൂർ 30 മിനിറ്റ് ആയി ക്രമീകരിക്കാനും അനുമതി നൽകിയിട്ടുണ്ട്.
വൈകുന്നേരത്തെ ജോലി സമയത്ത് ജോലിയുടെ തുടക്കത്തിൽ 15 മിനിറ്റ് വരെ വൈകി എത്തുന്നതിനും വനിതാ ജീവനക്കാർക്ക് ജോലി അവസാനിക്കുന്നതിനു 15 മിനിറ്റ് മുമ്പ് വീട്ടിലേക്ക് പോകാൻ അനുമതിയുള്ളതായും കമ്മീഷൻ വ്യക്തമാക്കി.







