കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാഹചര്യം ചൂഷണം ചെയ്ത് ഉത്പ്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ ശക്തമായ നടപടികളുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവ്യാപകമായി ശക്തമായ പരിശോധനയാണ് അധികൃതർ നടത്തിയത്. നിരവധി നിയമ ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ സ്ഥാപനങ്ങൾക്ക് എതിരെ അടച്ചു പൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത് നിശ്ചിത വിലയേക്കാൾ ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വിൽക്കൽ, വില പ്രദർശിപ്പിക്കുന്നതിൽ വീഴ്ച വരുത്തൽ, പ്രമോഷണൽ ഓഫറുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, ഉപഭോക്താക്കൾക്ക് ബിൽ നൽകാതിരിക്കൽ, ഉത്പ്പന്നങ്ങളിൽ നിർമ്മാണ രാജ്യം രേഖപ്പെടുത്താതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ്. വിപണികൾ നിരീക്ഷിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും പരിശോധനാ കാമ്പെയ്നുകൾ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.







