കുവൈത്ത് സിറ്റി: രാജ്യത്ത് റേഡിയോ ആക്ടീവ് ചോർച്ചയുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇത്തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. ഈ റിപ്പോർട്ട് വ്യാജമാണെന്നും ഔദ്യോഗിക ഡാറ്റയെയോ സൂചകങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ ഒന്നിലധികം സ്ഥലങ്ങളിലുള്ള വായു, കടൽ ജലം, ശുദ്ധജലം എന്നിവ 24 മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. റേഡിയേഷൻ നിരീക്ഷണ കേന്ദ്രങ്ങൾ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുല്ല അൽ സനദ് അറിയിച്ചു.
ഇതുവരെ രേഖപ്പെടുത്തിയ എല്ലാ റീഡിങുകളും സാധാരണ പരിധിക്കുള്ളിൽ ആണ്. അസാധാരണമായ റേഡിയേഷൻ അളവുകളോ ആശങ്ക ഉയർത്തുന്ന മാറ്റങ്ങളോ കണ്ടെത്തിയിട്ടില്ല. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും കിവംദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അയൽ രാജ്യങ്ങളിൽ നിന്നുള്ള റേഡിയേഷൻ കുവൈത്തിന് ഭീഷണിയല്ലെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് നാഷണൽ ഗാർഡും അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും അടുത്തുള്ള നൂതന ആണവ റിയാക്ടർ കുവൈത്തിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ്. കുവൈത്തിന്റെ അതിർത്തികളിൽ എത്തുന്നതിന് മുൻപ് മിക്ക റേഡിയോ ആക്ടീവ് വസ്തുക്കളും മങ്ങിപ്പോകും ഇത് രാജ്യത്തിന് മേലുള്ള ആഘാതം കുറയ്ക്കാൻ പര്യാപ്തമാണെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്.







