കുവൈത്ത് സിറ്റി: രാജ്യത്ത് വായുമലിനീകരണമില്ലെന്നും കുവൈത്തിലെ വായു ഗുണനിലവാരം സാധാരണ നിലയിലാണെന്നും സ്ഥിരീകരിച്ച് അധികൃതർ. മിന അൽ-അഹ്‌മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിന് ശേഷം വായു ഗുണനിലവാരം സാധാരണ നിലയിലാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയും കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയും അറിയിച്ചു. വായുവിൽ അസാധാരണമായ മലിനീകരണ നില രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സുരക്ഷ ഉറപ്പാക്കാൻ അധികൃതർ 24 മണിക്കൂറും നിരീക്ഷണം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടുത്തം ഉണ്ടായത്. കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നായ മിന അഹമദി റിഫൈനറിക്ക് നേരെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് നിരവധി പ്രവർത്തന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചിരുന്നു.
ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായമൊന്നും സംഭവിക്കുകയോ ചെയ്തിട്ടില്ല.







