കുവൈത്ത് സിറ്റി: സ്‌കൂൾ വളപ്പിൽ പുകയില ഉൽപ്പന്നങ്ങളോ സിഗരറ്റോ അനുബന്ധ സാമഗ്രികളോ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ഗുരുതരമായ പെരുമാറ്റ ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിവിധ വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകൾ ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സർക്കുലർ അയക്കാനും ആരംഭിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാലയങ്ങളിൽ അച്ചടക്കമുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിനുമാണ് സ്‌കൂൾ ഭരണകൂടങ്ങൾ ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച വിദ്യാർത്ഥി പെരുമാറ്റച്ചട്ടം അനുസരിച്ച് പുകയില ഉൽപ്പന്നങ്ങൾ കൈവശം വെക്കുന്നത് കടുത്ത അച്ചടക്ക ലംഘനത്തിന്റെ പരിധിയിലാണ് വരുന്നത്. സ്‌കൂളിൽ സിഗരറ്റോ മറ്റ് പുകയില വസ്തുക്കളോ കൊണ്ടുവരുന്ന വിദ്യാർത്ഥികൾക്ക് 3 ദിവസത്തെ സസ്പെൻഷൻ നേരിടേണ്ടി വരും. ഈ ദിവസങ്ങളിലെ അസാന്നിധ്യം അനാവശ്യ അവധിയായി സ്‌കൂൾ രേഖകളിൽ രേഖപ്പെടുത്തും. കുറ്റം ആവർത്തിക്കുകയും വീണ്ടും ഇത്തരം വസ്തുക്കൾ വിദ്യാലയത്തിലേക്ക് കൊണ്ടുവരികയും ചെയ്താൽ കേസ് കൂടുതൽ ഗുരുതരമായ ലംഘനമായി പരിഗണിച്ച് ഉന്നത അധികാരികളുടെ തീരുമാനപ്രകാരം ഉപരിനടപടികൾ സ്വീകരിക്കും. കുട്ടികളുടെ പെരുമാറ്റം നിരന്തരം നിരീക്ഷിക്കണമെന്നും, സ്‌കൂൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.








