കുവൈത്തിൽ 60 വയസ്സ് പ്രായമായ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികളുടെ തൊഴിൽ അനുമതി പുതുക്കുവാനുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക ഗസറ്റിൽ തീരുമാനം പ്രസിദ്ധീകരിച്ചതോടെയാണു നിയമം പ്രാബല്യത്തിലായത്. 250 ദിനാർ ഫീസും ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തിയാണു ഈ വിഭാഗത്തിൽ പെട്ടവരുടെ താമസ രേഖ പുതുക്കുന്നതിനു മാനവ ശേഷി സമിതി ഡയരക്റ്റർ ബോർഡ് യോഗം കഴിഞ്ഞ ആഴ്ച അനുമതി നൽകിയത്. കുവൈത്ത് ഓഹരി വിപണി പട്ടികയിലുള്ള ഇൻഷുറൻസ് കമ്പനികളിൽ നിന്നാണു ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത്. ഇതിനായി 500 ദിനാർ ആണു പ്രതിവർഷ നിരക്ക്. പോളിസി ഉടമകൾക്ക് പ്രതിവർഷം പതിനായിരം ദിനാർ വരെയുള്ള ആരോഗ്യ പരിരക്ഷയാണു ഇത് വഴി ലഭ്യമാകുക.