കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു വീണ്ടും അനിശ്ചിതത്വം. നിബന്ധനകൾക്ക് വിധേയമായി ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു മാനവ ശേഷി ഡയരക്റ്റർ ബോർഡ് യോഗത്തിൽ അംഗീകാരം നൽകുകയും നിയമം ജനുവരി 30 മുതൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും തുടർന്ന് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു. 250 ദിനാർ ഫീസും നിശ്ചിത ആരോഗ്യ ഇൻഷുറൻസ് ഫീസും ചുമത്തി ഈ വിഭാഗത്തിൽ പെട്ടവരുടെ തൊഴിൽ അനുമതി രേഖ പുതുക്കുവാനാണു സമിതി അംഗീകാരം നൽകിയത്. കുവൈത്ത് ഓഹരി വിപണി പട്ടികയിൽ ഉൾപ്പെട്ട 8 കമ്പനികളിൽ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി മാത്രമാണു മാനവശേഷി സമിതി സ്വീകരിക്കുന്നത്. താമസരേഖ പുതുക്കുന്നതിനു ആവശ്യമായ രേഖകൾക്കൊപ്പം ഇൻഷുറൻസ് രേഖകളും താമസ കാര്യ വകുപ്പിൽ സമർപ്പിക്കണം. എന്നാൽ മാനവ ശേഷി അധികൃതരിൽ നിന്ന് താമസ കാര്യ വിഭാഗത്തിനു ഇത് സംബന്ധിച്ച അറിയിപ്പുകൾ ഒന്നും ഇത് വരെ ലഭിച്ചിട്ടില്ല. ഈ വിഭാഗത്തിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് 500 ദിനാർ നിരക്കിൽ വാർഷിക ആരോഗ്യ ഇൻഷുറൻസ് നൽകാം എന്ന ഇൻഷുറൻസ് ഫെഡറേഷന്റെ വാഗ്ദാനം മാനവ ശേഷി സമിതി അംഗീകരിച്ചിട്ടുമില്ല. ഇക്കാര്യങ്ങളിൽ നിലനിൽക്കുന്ന അവ്യക്തതകൾ നീങ്ങിയാൽ ഉടൻ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു വിലയിരുത്തപ്പെടുന്നത്. വാർഷിക ഇൻഷുറൻസ് നിരക്ക് 500 ദിനാറിൽ കുറയുവാനുള്ള സാധ്യതയും തെളിയുമെന്നാണ് സൂചന.