കുവൈത്തിൽ നിന്ന് വിദേശത്തേക്ക് പണം അയക്കുന്നതിനു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി തങ്ങളുമായി ബന്ധമില്ലാത്ത വിദേശത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം അയക്കരുതെന്ന് വിദേശികൾക്കും സ്വദേശികൾക്കും അധികൃതർ മുന്നറിയിപ്പ് നൽകി. അത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമായി കണക്കാക്കുകയും ക്രിമിനൽ ശിക്ഷാനിയമം അനുസരിച്ച് നിയമനടപടികൾക്ക് വിധേയമാവുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, ഭിക്ഷാടനം, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനകൾക്കുള്ള ധനസഹായം, മുതലായവ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.