കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ സുരക്ഷാ, ഗതാഗത പരിശോധനയിൽ കഴിഞ്ഞ ദിവസം 328 നിയമ ലംഘകർ പിടിയിലായി. ഗവർണറേറ്റിലെ വഫറ, മിന അബ്ദുല്ല പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 162 പേർ പിടിയിലായി. ഇതോടൊപ്പം പ്രാദേശികമായി മദ്യ നിർമ്മാണം നടത്തുന്ന രണ്ട് കേന്ദ്രങ്ങളും കണ്ടെത്തി. ഇവിടെ നിന്ന് 60 വീപ്പ മദ്യവും പിടിച്ചെടുത്തു. ഫർവ്വാനിയ ഗവർണ്ണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 166 പേരാണ് പിടിയിലായത് .ഇവരിൽ 109 പേർ താമസ രേഖാ കാലാവധി അവസാനിച്ചവരും 49 പേർ വിവിധ കേസുകളിൽ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നവരുമാണ്. കൂടാതെ മയക്കുമരുന്ന് കൈവശം വെച്ച 4 പേരും പിടിയിലായി.
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും എതിരെ രാജ്യ വ്യാപകമായി ആരംഭിച്ച സുരക്ഷാ, ഗതാഗത പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.