കുവൈത്ത് വിമാനതാവളത്തിൽ യാത്രക്കാരെ എത്തിക്കാനും സ്വീകരിക്കാനും എത്തുന്ന സ്വകാര്യ വാഹനങ്ങൾ കേന്ദ്രീകരിച്ച് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും താൽക്കാലിക ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദ്ദേശത്തെ തുടർന്നുള്ള സുരക്ഷാ പരിശോധന ദിനേനെ തുടരുമെന്ന് റിപ്പോർട്ട് ഉണ്ട്. ഇതിനകം 20 നിയമലംഘകർ അറസ്റ്റിലായി.ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സംസ്കാരത്തിന്റെ മുഖമായ വിമാനത്താവളത്തിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന എന്നും മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാർ അംഗീകൃത ടാക്സികളുമായി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂ. വിമാന താവളത്തിൽ പ്രവർത്തിക്കുന്ന ടാക്സികളിലെ ഡ്രൈവർമ്മാർ മികച്ച പരിശീലനം ലഭിച്ചവരാണ്. മാത്രവുമല്ല അംഗീകൃത ടാക്സികളിൽ യാത്രക്കാരുടെ മറന്ന് വെച്ചതും നഷ്ടപ്പെട്ടതുമായ സാധനങ്ങൾ തിരികെ ലഭിക്കുന്നത് എളുപ്പമാകുമെന്നും മന്ത്രാലയം അറിയിച്ചു. വിമാനതാവളം കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത ടാക്സികളെ ലക്ഷ്യമിട്ട് കൊണ്ടാണ് സുരക്ഷാ പരിശോധന ആരംഭിച്ചിരിക്കുന്നത്. എങ്കിലും ബന്ധുക്കളും സുഹൃത്തുക്കളുമായ യാത്രയ്ക്കാരെ സ്വന്തം വാഹനത്തിൽ വിമാന താവളത്തിൽ നിന്ന് സ്വീകരിക്കാനും ഇറക്കുവാനും എത്തുന്നവർക്കും പുതുതായി ആരംഭിച്ച സുരക്ഷാ പരിശോധന പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.