അവധിക്കാലം കഴിഞ്ഞ് പ്രവാസികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. കുവൈത്തിലേക്കുള്ള മടക്ക ടിക്കറ്റിന് അഞ്ചിരട്ടിയോളമാണ് വില വർധിച്ചത്. നിലവിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും 20 ദീനാറിൽ താഴെയാണ് പുറപ്പെടൽ ടിക്കറ്റ് നിരക്ക്. അതേസമയം കുവൈത്തിലേക്കുള്ള നിരക്ക് 140 ദീനാറിനും190നും ഇടയിലാണ്.
കോഴിക്കോട്ടുനിന്ന് ഈ മാസം 25ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് 45,000ന് മുകളിലാണ്. 10,000-15,000 ആണ് ഇതിന് സാധാരണ നിരക്കുണ്ടാകാറുള്ളത്. ഈ മാസം അവസാന വാരമാണ് കുവൈത്തിൽ സ്കൂളുകൾ തുറക്കുന്നത്. അതിന് മുന്നേയുള്ള ദിവസങ്ങളിൽ ഉയർന്ന നിരക്ക് തുടരുമെന്നാണ് കരുതുന്നത്.