കുവൈത്ത് എയർ വെയ്സ് വിമാനത്തിൽ ഒരു യുവതി കുഞ്ഞിന് ജന്മം നൽകി. കുവൈത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പോയ K. U. 117 നമ്പർ വിമാനത്തിലാണ് യാത്രക്കാരിയായ യുവതിക്ക് പെട്ടെന്ന് പ്രസവ മുറി സജ്ജീകരിച്ചത്. യാത്രക്കിടയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതി വിവരം ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ക്രൂ അംഗങ്ങളുടെ നേതൃത്വത്തിൽ വിമാനത്തിൽ അടിയന്തിരമായി പ്രസവ മുറി സജ്ജീകരിക്കുകയും യുവതിയുടെ സുഖ പ്രസവത്തിനു സൗകര്യം ഒരുക്കുകയുമായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് കുവൈത്ത് എയർ വെയ്സ് അധികൃതർ ട്വീറ്റ് ചെയ്തു.
തങ്ങളുടെ വിമാന ജീവനക്കാർക്ക് സ്ഥിരമായും സംയോജിതമായും നൽകുന്ന പരിശീലനമാണു ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാൻ അവരെ എപ്പോഴും പ്രാപ്തരാക്കുന്നതെന്ന് കുവൈത്ത് എയർ വെയ്സ് വ്യക്തമാക്കി.ഈ മാസം ഇത് രണ്ടാം തവണയാണു കുവൈത്ത് എയർ വെയ്സ് വിമാനത്തിൽ സുഖ പ്രസവം നടക്കുന്നത്. ഓഗസ്ത് 2 നു കുവൈത്തിൽ നിന്ന് മനിലയിലേക്ക് പോയ വിമാനത്തിലായിരുന്നു ഈ മാസം ആദ്യ പ്രസവം നടന്നത്.