ഫർവാനിയ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ ആദ്യ ഘട്ട പ്രവർത്തനം ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഫർവാനിയ പ്രദേശത്തെ പൗരന്മാർക്ക് ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യസേവനം ലഭ്യമാകാൻ സഹായകമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നാലു ലക്ഷത്തി ഇരുപത്തി മൂന്നായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണു നിർദ്ദിഷ്ട ആശുപത്രി കെട്ടിടം രൂപ കൽപന ചെയ്തിരിക്കുന്നത്. 1400 വാഹനങ്ങൾക്ക് ഒരേ സമയം ഇവിടെ പാർക്ക് ചെയ്യുവാൻ സൗകര്യം ഉണ്ടായിരിക്കും. കാർ പാർക്കിംഗ് പ്രദേശം ആശുപത്രി കെട്ടിടവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 955 കിടക്ക ശേഷിയിൽ 314 ജനറൽ, സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകളും സ്പെഷ്യലൈസ്ഡ് മെഡിക്കൽ സേവനങ്ങൾക്കായി 35 സ്യൂട്ടുകളുമാണു ആശുപത്രിയിൽ ഉള്ളത്.
അപകട, അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന 71 ക്ലിനിക്കുകളിൽ രോഗികളെ നിരീക്ഷിക്കുന്നതിനു 84 കിടക്കകുളുമുണ്ട്. 31 സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയേറ്ററുകളും 233 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും 4 അഡ്വാൻസ്ഡ് ഹൈബ്രിഡ് ഓപ്പറേഷൻ തിയേറ്ററുകളും ആശുപത്രിയിൽ ഉൾപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണ ശേഷിയിൽ ഉടൻ തന്നെ ആരംഭിക്കുമെങ്കിലും ഇവിടെ നിന്നുള്ള ചികിൽസ സേവനങ്ങൾ സ്വദേശികൾക്ക് മാത്രായി പരിമിതപ്പെടുത്തിയിട്ടുണ്ട്.