കുവൈറ്റ്: വരാനിരിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള രജിസ്ട്രേഷന്റെ ആദ്യ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ച 115 പേരിൽ പ്രമുഖ പ്രതിപക്ഷ നേതാവും മൂന്ന് തവണ മുൻ സ്പീക്കറുമായ അഹ്മദ് അൽ-സഅദൂനും 22 ഓളം മുൻ എംപിമാരും ഉൾപ്പെടുന്നു. കുവൈറ്റ് ഒരു പുതിയ രാഷ്ട്രീയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് മിക്കവാറും എല്ലാ സ്ഥാനാർത്ഥികളും വ്യക്തമാക്കി. സെപ്റ്റംബർ 29 ന് രാജ്യം ഇലക്ഷനിലേയ്ക്ക് പോകുമ്പോൾ 50 സീറ്റുകളുള്ള ദേശീയ അസംബ്ലിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാൻ കുവൈറ്റ് വോട്ടർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
“ഈ തിരഞ്ഞെടുപ്പുകൾ മുമ്പത്തെ എല്ലാ വോട്ടെടുപ്പുകളിൽ നിന്നും വ്യത്യസ്തമാണ്,” മൂന്നാം മണ്ഡലത്തിൽ മത്സരിക്കാൻ രജിസ്റ്റർ ചെയ്ത ശേഷം 87 കാരനായ സഅദൂൻ പറഞ്ഞു. ഇതൊരു ചരിത്ര യുഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതോടൊപ്പം മികച്ചവരെ തിരഞ്ഞെടുക്കാൻ കുവൈറ്റ് വോട്ടർമാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. 115 സ്ഥാനാർത്ഥികളിൽ എട്ട് സ്ത്രീകളാണുള്ളത്. നാലാമത്തെ മണ്ഡലത്തിൽ 27 പേരും രണ്ടാമത്തേതിൽ 26 പേരും അഞ്ചിൽ 23 പേരും മൂന്നാമത്തേതിൽ 21 പേരും ആദ്യ ജില്ലയിൽ 18 പേരും പത്രിക സമർപ്പിച്ചു.
രാഷ്ട്രീയ തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ മാസം പിരിച്ചുവിട്ട മുൻ നിയമസഭയിൽ 16 പേർ സ്ഥാനാർത്ഥികളായിരുന്നു. മുൻ നിയമസഭകളിലെ ഏഴ് മുൻ എംപിമാരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അപേക്ഷ നൽകി. രജിസ്ട്രേഷൻ 10 ദിവസത്തേക്ക് കൂടി തുടരും, സെപ്തംബർ 7 നാണ് അവസാനിക്കുന്നത്. മത്സരത്തിൽ നിന്ന് നാമനിർദ്ദേശം പിൻവലിക്കൽ ഇന്നലെ മുതൽ വോട്ടെടുപ്പ് ദിവസത്തിന് ഏഴ് ദിവസം മുമ്പ് വരെ തുറന്നിരിക്കും. കുവൈറ്റിന്റെ മുഴുവൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമസഭയായിരിക്കും അടുത്ത നിയമസഭയെന്ന് മുൻ പ്രതിപക്ഷ എംപി ഖാലിദ് അൽ ഒതേബി പറഞ്ഞു. വരാനിരിക്കുന്ന കാലഘട്ടത്തിലേക്കുള്ള ആണിക്കല്ല് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപരമായ അമീരി പ്രസംഗത്തോടെ ആരംഭിച്ച പുതിയ യുഗത്തിന് ഇന്ന് തുടക്കമിട്ടിരിക്കുന്നുവെന്ന് മുൻ എംപി സൈഫി അൽ സൈഫി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ രാഷ്ട്രീയ യുഗം അവസാനിപ്പിക്കുന്നതിൽ കുവൈറ്റ് ജനത നിർണായക പങ്ക് വഹിച്ചുവെന്ന് മുൻ പ്രതിപക്ഷ എംപി മുഹന്നദ് അൽ-സയർ പറഞ്ഞു. കുവൈറ്റ് നിർണായകമായ ഒരു വഴിത്തിരിവിലാണെന്നും ദേശീയ പരിഷ്‌കരണ പരിപാടി തയ്യാറാക്കണമെന്നും മുൻ എംപി അബ്ദുൽ അസീസ് അൽ സഖാബി പറഞ്ഞു.