കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ ആശുപത്രിയിലെ സൗജന്യ സേവനങ്ങൾ അനുവദിക്കുന്നതിൽ സ്വദേശികൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം. ഇത് സംബന്ധിച്ച് ഇപ്പോൾ തന്നെ ആലോചനകൾ തുടങ്ങണമെന്നും ഉടൻ തന്നെ പ്രാബല്യത്തിൽ കൊണ്ട് വരണമെന്നും കുവൈത്ത് ഔഷധ ഇറക്കുമതി ഫെഡറേഷൻ മേധാവി ഫൈസൽ അൽ മോജിൽ ആവശ്യപ്പെട്ടു.
കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് അനുദിനം വില വർദ്ധിച്ചു വരികയാണ്. നിലവിലെ അവസ്ഥയിൽ സർക്കാർ ആശുപത്രികളിൽ സ്വദേശികളിൽ എല്ലാ വിഭാഗങ്ങൾക്കും സൗജന്യ ചികിത്സാ സേവനങ്ങൾ നൽകുന്നത് തുടരാൻ സാധ്യമാകില്ല. ഇതിനാൽ സാമ്പത്തിക വരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ സ്വദേശികളെ രണ്ടായി തരം തിരിച്ചു ഉയർന്ന വരുമാനമുള്ളവരെ സൗജന്യ ചികിത്സാ സേവനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 60 വർഷമായി, രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സമ്പൂർണ്ണ സൗജന്യ ചികിത്സ സേവനം നൽകി വരുകയാണ്. എന്നാൽ ഓരോ വർഷവും ചികിത്സാ രീതികൾ മാറുകയും , മരുന്നുകളുടെ വില വർധനവ് ഉണ്ടാകുകയും ചെയ്യുകയാണ്. ഇതിനു പുറമെ ജനസംഖ്യ വർദ്ധിക്കുകയും ചെയ്യുന്നു.നിലവിൽ 450 ദശലക്ഷം ദിനാർ ആണ് ബജറ്റിൽ മരുന്നുകൾക്കായി വകയിരിത്തിയിരിക്കുന്ന തുക. ഇത് കാലാകാലങ്ങളിൽ വർദ്ധിപ്പിക്കാൻ സാധിക്കില്ല.മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിക്കാത്തവിധം നിലവിലെ സംവിധാനത്തിൽ മാറ്റം അനിവാര്യമാണ്. ഇതിനായി അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.