കുവൈത്ത് സിറ്റി : കുവൈത്തിൽ 372 ഇനം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശത്തെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. രാജ്യത്ത് വിവിധയിനം മരുന്നുകളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മരുന്നുകളുടെ വിതരണം പരിമിതപ്പെടുത്തിയത്.
അതേസമയം ഈ മരുന്നുകൾക്ക് പകരം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം രാജ്യത്തെ താമസക്കാരുടെ ആരോഗ്യ നിലയെ ബാധിക്കില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇതിനു പുറമെ മരുന്നുകളുടെ അമിത ഉപയോഗം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ 117 ഡിസ്പെൻസറികളും 4 ആശുപത്രികളും തമ്മിൽ പരപസ്പരം കമ്പ്യൂട്ടർ മുഖേന ബന്ധിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.