കുവൈറ്റ് :കുവൈത്തിൽ തണുപ്പ് കാലമായതോടെ നിരവധി കടൽ പക്ഷികളും കൂട്ടമായി എത്തി തുടങ്ങി. കടും നിറത്തിൽ തൂവലുകളുള്ള കടൽ പക്ഷികളാണ് വിവിധ ദേശങ്ങൾ താണ്ടി ഇപ്പോൾ രാജ്യത്ത് എത്തിയിരിക്കുന്നത്.ഇവ ഫെബ്രുവരി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും പ്രജനനകാലത്ത് കാസ്പിയൻ തടാകത്തിന്റെ ദിശയിലേക്ക് പുറപ്പെടുകയും ചെയ്യും.
കുവൈത്തിലെ വിവിധ പ്രദേശങ്ങൾക്ക് മുകളിലൂടെ ഇവ കൂട്ടമായി പറക്കുന്നത് കണ്ടതായി കുവൈത്ത് പരിസ്ഥിതി സംരക്ഷണ പൊതു സമിതിയിലെ പക്ഷി നിരീക്ഷണ വിഭാഗം തലവൻ മുഹമ്മദ് ഷാ വ്യക്താമാക്കി. ഈ പക്ഷികൾ കുവൈത്ത് ഉൽക്കടൽ പ്രദേശങ്ങളിൽ ധാരാളം സമയം ചിലവഴിക്കുകയും പതിവായി മറ്റ് സ്ഥലങ്ങളിലേക്ക് പറക്കുകയും ചെയ്യുന്നു.ആയിരക്കണക്കിന് പക്ഷികൾ കൂട്ടമായി പറക്കുന്ന ദൃശ്യങ്ങൾ നിരവധി പേരാണ് ക്യാമറകളിൽ പകർത്തുന്നത്. സുലൈബിഖാത്ത് ബീച്ച്, ജഹ്റ റിസർവ്, ദോഹ, സുബിയ എന്നീ പ്രദേശങ്ങളിൽ ഇവ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു വരുന്നു.ഓരോ സീസണുകളിലും അയ്യായിരത്തോളം പക്ഷികൾ ഇവിടെ എത്തുന്നതായാണ് കണക്ക്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഇരട്ടിയിലേറെ വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.രാജ്യത്ത് സമൃദ്ധമായി വെള്ളവും ഭക്ഷണവും ലഭിക്കുന്നത് കാരണം ഈ പക്ഷികളിൽ ചിലത് രാജ്യത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.