കുവൈത്ത് സിറ്റി: കുവൈത്തിൽ അജ്ഞാത വസ്തുക്കൾ പതിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ പൗരന്മാർക്കും താമസക്കാർക്കും മാർഗനിർദ്ദേശങ്ങളുമായി ആർമി ജനറൽ സ്റ്റാഫ്. അജ്ഞാത വസ്തുക്കളിൽ നിന്നും അവ പതിച്ച സ്ഥലത്ത് നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് നിർദ്ദേശം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ ഒത്തുകൂടരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥലത്തിന്റെ ഫോട്ടോ എടുക്കുകയോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അടിയന്തര നമ്പറിൽ വിളിച്ച് സംഭവം ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കേണ്ടതാണ്. ഇത്തരം അജ്ഞാത വസ്തുക്കൾ വളരെ ഏറെ അപകടം നിറഞ്ഞതും സ്ഫോടകവസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ളവയുമാണ്. അവയിൽ കൃത്രിമം കാണിക്കുകയോ സമീപിപ്പിക്കുകയോ ചെയ്താൽ സ്ഫോടനത്തിന് സാധ്യതയുണ്ടായിരിക്കും. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ തന്നെ പ്രദേശത്ത് നിന്ന് വിട്ടു നിൽക്കണം. കുട്ടികൾ ഇവയെ സമീപിക്കുന്നത് തടയണമെന്നും വസ്തുവിന്റെ സ്ഥാനം അധികാരികളെ അറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







