കുവൈത്ത് സിറ്റി: വിവിധ ഉൽപന്നങ്ങളിൽ അമീറിന്റെയോ കിരീടാവകാശിയുടെയോ ഫോട്ടോ, രാജ്യ ചിഹ്നങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ മന്ത്രാലയം. ആർട്ടിക്കിൾ 16 പ്രകാരം അമീറിന്റെയോ കിരീടാവകാശിയുടെയോ രാജ്യ ചിഹ്നങ്ങളുടെയോ ഫോട്ടോകള്‍ ഏതെങ്കിലും ഉൽപന്നങ്ങളില് പതിക്കുന്നതും വിൽക്കുന്നതും വിപണനം ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഇനേസി വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കടകളും മാളുകളും കേന്ദ്രീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തും. ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി അധികൃതര്‍ കൂട്ടിച്ചേർത്തു.