കുവൈറ്റ്: കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളും മൂടൽമഞ്ഞിന്റെ സാന്നിധ്യവും അവഗണിച്ച് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗതം സാധാരണ നിലയിൽ നടക്കുന്നതായി കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
നിലവിലെ കാലാവസ്ഥ വിമാനങ്ങളുടെ ചലനത്തെ ബാധിച്ചിട്ടില്ലെന്നും ഈ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതി സജീവമാക്കിയിട്ടുണ്ടെന്നും സിവിൽ ഏവിയേഷനിലെ എയർ നാവിഗേഷൻ അഫയേഴ്‌സ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇമാദ് അൽ ജലാവി കുവൈറ്റ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഞായറാഴ്ച രാവിലെ താൽക്കാലികമായി നിർത്തിവച്ച ഷുവൈഖ്, ഷുഐബ, ദോഹ തുറമുഖങ്ങളിൽ കടൽ ഗതാഗതം പുനരാരംഭിച്ചതായി കുവൈറ്റ് തുറമുഖ കോർപ്പറേഷൻ ഞായറാഴ്ച അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ വരെ രാത്രിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം കുവൈറ്റിലെ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.