കുവൈറ്റ്: ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിദഗ്ദ തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനു കൂടുതൽ നടപടിക്രമങ്ങൾ നിർണ്ണയിക്കുമെന്ന് കുവൈത്ത് മാനവശേഷി സമിതി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എഞ്ചിനീയറിംഗ് മേഖലയിലെ റിക്രൂട്ട്മെന്റിന് , ഇന്ത്യയിലെ സർവ്വകലാശാലകളുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് നിശ്ചയിച്ച മാനദണ്ഠങ്ങൾ അടിസ്ഥാനമാക്കി നിയന്ത്രണം ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെ ചില സർവ്വകലാശാലകളും അവിടുത്തെ അധ്യാപന രീതികളും വീക്ഷിക്കുന്നതിനു ഇന്ത്യ സന്ദർശിക്കാൻ കുവൈത്തി പ്രതിനിധി സംഘത്തിനു അഭ്യർത്ഥന ലഭിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം ഈജിപ്തിൽ നിന്നുള്ള തൊഴിലാളികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് താൾക്കാലികമായി നിർത്തി വെച്ച തീരുമാനം തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഈ തീരുമാനം. ഈജിപ്തിൽ നിന്നുള്ള തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുകയും ഈജിപ്ഷ്യൻ തൊഴിൽ ഏജൻസികൾ വഴി വിസ വില്പന നടത്തുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നതുവരെ നിരോധനം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.