കുവൈറ്റ്: നോർക്ക റൂട്ട്‌സ് മുഖേനെ കുവൈത്ത് നാഷണൽ ഗാർഡിലേക്കുള്ള ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചു. റിക്രൂട്ട്മെന്റ് നടപടികൾക്ക് നേതൃത്വം നൽകുന്നതിന്റെ ഭാഗമായി കുവൈത്ത് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർ കേരളത്തിലെത്തി. കേണൽ സൈദ് അൽ മിഷ്’അൽ , കേണൽ ഹമ്മാദി അൽ താരിഖ് ,ലഫ്റ്റനന്റ് കേണൽ നാസർ അൽ മുതൈരി, മേജർ സൽമാൻ അൽ ദാരി എന്നിവരാണ് കുവൈത്ത് നാഷണൽ ഗാർഡിനെ പ്രതിനിധീകരിച്ചു റിക്രൂട്മെന്റ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
കൊച്ചിയിലെ കാക്കനാട് ആരംഭിച്ച റിക്രൂട്ട്മെന്റ് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ഈ മാസം 10 വരെ നടക്കുന്ന റിക്രൂട്ട്മെന്റ് നടപടികളിൽ നോർക്ക റൂട്ട്സിന്റെ ഓൺലൈൻ ഇന്റർവ്യൂവിൽ തെരഞ്ഞെടുത്തവർക്ക് നിയമന ശുപാർശയും വിശദമായ മാർഗരേഖകളും കൈമാറും. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഗാര്ഡിലെ ആരോഗ്യ വിഭാഗത്തിലേക്കാണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇതിനു പുറമെ എൻജിനിയറിങ്, ഐടി, ഡാറ്റാ അനലിസ്റ്റ് മേഖലകളിലുമുള്ള ഒഴിവുകൾക്കും കേരളത്തിലെ ഉദ്യോഗാർഥികളെ പരിഗണിക്കുമെന്ന് നാഷണൽ ഗാർഡ് പ്രതിനിധികൾ ഉറപ്പുനൽകിയതായി നോർക്ക റൂട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ഇരു വിഭാഗവും ഉടൻ തന്നെ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.നോർക്ക റൂട്ട്സിനെ പ്രതിനിധീകരിച്ചു സിഇഒ കെ ഹരികൃഷ്‌ണൻ നമ്പൂതിരിയും റിക്രൂട്ട്മെന്റ് നടപടികളിൽ പങ്കെടുത്തു.