കുവൈറ്റ്: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ഫിലിപ്പീൻ കുടിയേറ്റ തൊഴിലാളി വകുപ്പ് സെക്രട്ടറി സൂസൻ ഒപ്ലെ അറിയിച്ചു. ഫെബ്രുവരി 8 ബുധനാഴ്ച മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നത്. കുവൈത്തുമായുള്ള തൊഴിൽ കരാറിൽ കാര്യമായ ഭേദഗതി നടപ്പിലാക്കുകയും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യുന്നത് വരെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്താൻ തീരുമാനിച്ചതായി അവർ വ്യക്തമാക്കി.
സാൽമി മരുപ്രദേശത്ത് കഴിഞ്ഞ മാസം ജോളിബി റാണാര എന്ന ഫിലിപ്പീനോ വീട്ടു വേലക്കാരിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ 16 കാരനായ കുവൈത്തി ബാലൻ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ യുവതി ലൈംഗിക പീഡനത്തിനു ഇരയായതായും ഗർഭിണി ആയിരുന്നുന്നതായും കണ്ടെത്തിയിരുന്നു. യുവതിയെ താൻ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം കത്തിച്ച ശേഷം മരുഭൂമിയിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിവെക്കുവാൻ ഫിലിപ്പീൻസ് കോൺഗ്രസിൽ അംഗങ്ങൾ ആവശ്യം ഉന്നയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.