കുവൈത്ത് സിറ്റി :കുവൈത്തിൽ പുതിയ ബയോ മെട്രിക് കേന്ദ്രീകൃത പരിശോധന സംവിധാനത്തിന്റെ ആദ്യ ഘട്ടം അടുത്ത മാസം മുതൽ പ്രവർത്തനം ആരംഭിക്കും. വ്യക്തികളുടെ വിരലടയാളം, മുഖം, കണ്ണുകൾ, ഒപ്പ് എന്നിവ സുരക്ഷാ പരിശോധന വഴി തിരിച്ചറിയുവാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. പദ്ധതിയുടെ പ്രവർത്തന പുരോഗതി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് വിലയിരുത്തി.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ രാജ്യത്തിന്റെ അതിർത്തി കവാടങ്ങളിൽ ഈ സംവിധാനം സ്ഥിപിക്കുന്നതായിരിക്കും. യാത്രക്കാർക്കും വാഹനങ്ങൾക്കുമുള്ള എൻട്രി, എക്സിറ്റ് നടപടിക്രമങ്ങൾ നടത്തുന്നതിന് പുറമെ തുറമുഖങ്ങളുടെ സുരക്ഷയ്ക്കായി ഡാറ്റാ സെന്ററുകളും നടപടി ക്രമങ്ങൾ സുഗമമാക്കുന്നതിന് ആവശ്യമായ ഓട്ടോമേറ്റഡ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതും രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നു.
യാന്ത്രിക പരിശോധനായിലൂടെ യാത്രാ രേഖകളുടെ ആധികാരികത പരിശോധിക്കുവാനും വാഹനങ്ങളുടെയും വ്യക്തികളുടെയും പ്രാദേശികവും അന്തർദേശീയവുമായ വിവരങ്ങൾ ലഭ്യമാക്കുവാനും ഇത് വഴി സാധ്യമാകും. മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ രാജ്യത്തിനു പുറത്തേക്കും അകത്തേക്കും കടത്തുന്നത് തടയുവാനും രാജ്യത്തേക്ക് പ്രവേശന നിയന്ത്രണങ്ങൾ ഉള്ള വ്യക്തികളുടെയും യാത്രാ നിരോധനം നേരിടുന്ന വ്യക്തികളുടെയും വിവരങ്ങൾ തിരിച്ചറിയാനും പുതിയ സംവിധാനം വഴി സാധിക്കുന്നതാണെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.