കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്തെത്തിയ പ്രവാസികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം 3,18,000 പുതിയ വിസകളാണ് അനുവദിച്ചതെന്നും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡിനുശേഷം വിവിധ മേഖലകളിലുണ്ടായ ഉണർവ് കൂടുതൽ പ്രവാസികൾ രാജ്യത്ത് എത്താൻ ഇടയാക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഗാർഹിക തൊഴിലാളികൾ, സിവിൽ ജോലിക്കാർ എന്നിവരാണ് റെസിഡന്റ്സ് പെർമിറ്റുകൾ ലഭിച്ചതിൽ മുന്നിൽ നിൽക്കുന്നത്. ഗാർഹിക തൊഴിലാളികൾക്ക് 1,62,000, സ്വകാര്യ മേഖലക്ക് 1,65,000 എന്നിങ്ങനെ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിൽ മുന്നിൽ നിൽക്കുന്നത് അറബ് ഇതര ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ്. കഴിഞ്ഞ വർഷം എത്തിയ 67.2 ശതമാനവും ഈ പ്രദേശങ്ങളിൽനിന്നുള്ളവരാണ്.
അതിനിടെ 56,279 റെസിഡന്റ്സ് പെർമിറ്റുകളും കഴിഞ്ഞ വർഷം റദ്ദാക്കിയിട്ടുണ്ട്. ഇതിൽ 54 ശതമാനം അറബ് ഇതര ഏഷ്യൻ തൊഴിലാളികളുടേതാണ്. ഇതേ കാലയളവിൽ 12,911 താൽക്കാലിക താമസ വിസകളും അധികൃതർ റദ്ദാക്കി.
സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഇത് നടപ്പായി. ഗാർഹിക തൊഴിലാളികൾക്കുള്ള 5871 പെർമിറ്റുകൾ, 15,131 ഫാമിലി വിസകൾ എന്നിവയും റദ്ദാക്കി.