കുവൈത്ത് സിറ്റി : കുവൈത്തിൽ സാധനങ്ങൾ വാങ്ങുന്നതിനും പ്രവേശിക്കുന്നതിനും ചില ജം’ഇയ്യകളിൽ പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തി. റമദാൻ മാസം വിവിധ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തടഞ്ഞു കൊണ്ടാണ് രാജ്യത്തെ ചില ജം’ ഇയ്യകൾ ഈ ഒരു തീരുമാനം പുറപ്പെടുവിച്ചത്. കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ ധാരാളം പ്രവാസികൾ ജം’ ഇയ്യകളിൽ എത്തുന്നതായും ഇത് മൂലം സ്വദേശികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്നുമാണ് ജം’ ഇയ്യകൾ ഇതിനായി പറയുന്ന കാരണം. എന്നാൽ തീരുമാനം നിയമ വിരുദ്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അസോസിയേഷൻ മേധാവി മിഷാൽ അൽ-മന വ്യക്തമാക്കി.
പ്രവാസികൾക്ക് ഏതെങ്കിലും സഹകരണ സോസൈറ്റികളിൽ പ്രവേശനം തടയുന്നതും അവയുടെ വിപണികളിൽ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതും നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശികളോ വിദേശികളോ ആയ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കുവാൻ വിസമ്മതിക്കുന്നതിൽ ഒരു ന്യായീകരണവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഈ തീരുമാനം ശിക്ഷർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ സംഘങ്ങൾ രാജ്യത്തെ വാണിജ്യ നിയമങ്ങളുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളാണ്.ഇത്തരം തെറ്റായതും കുറ്റകരവുമായ തീരുമാനങ്ങൾ തടയുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ വാണിജ്യ മന്ത്രാലയത്തെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.