കുവൈത്ത് സിറ്റി : റമദാൻ വ്രതാനുഷ്ടാനത്തിന്റെ സമയ ദൈർഘ്യം ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ഗൾഫിൽ രണ്ടാം സ്ഥാനം. ഈ വിഭാഗത്തിൽ അറബ് ലോകത്ത് ഏഴാം സ്ഥാനമാണ് കുവൈത്തിനുള്ളത്. ഈ വർഷം കുവൈത്തിലെ നോമ്പ് സമയം ശരാശരി പതിനാലര മണിക്കൂർ ആണ്. ഗൾഫ് രാജ്യങ്ങളിൽ ഖത്തറാണ് ഈ വിഭാഗത്തിൽ ഒന്നാമത്. 14 മണിക്കൂറും 15 മിനുട്ടും.ഒമാൻ ( 14 മണിക്കൂർ 37 മിനിറ്റ് ) സൗദി അറേബ്യ, യു.എ.ഇ (14 മണിക്കൂർ 41 മിനിറ്റു) ബഹ്‌റൈൻ ( 14 മണിക്കൂർ 49 മിനിറ്റ്) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിൽ ഇത്തവണത്തെ നോമ്പിന്റെ സമയ ദൈർഘ്യം.
അറബ് മേഖലയിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയം കൊമോറോയിലാണ്. 12 മണിക്കൂറും 37 മിനിറ്റുമാണ് കൊമോറോയിലെ നോമ്പ് സമയം. സോമാലിയ (13 മണിക്കൂറും 27 മിനിറ്റും) യമൻ (14 മണിക്കൂറും 7 മിനിറ്റും ) സുഡാൻ (14 മണിക്കൂറും 8 മിനിറ്റ് ) മൗറിറ്റാനിയ (14 മണിക്കൂറും 15 മിനിറ്റ് ) എന്നിങ്ങനെ അറബ് മേഖലയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഈ രാജ്യങ്ങളും ആറാം സ്ഥാനത്ത് ഖത്തറുമാണുള്ളത്.
അന്താരാഷ്ട്രതലത്തിൽ, ഗ്രീൻലാൻഡിൽ താമസിക്കുന്ന മുസ്ലിങ്ങളാണ് ഏറ്റവും കൂടുതൽ സമയം നോമ്പ് അനുഷ്ഠിക്കുന്നത്.ഏകദേശം 20 മണിക്കൂറാണ് ഇവിടെ നോമ്പിന്റെ സമയ ദൈ ർഘ്യം. പോളണ്ടിൽ ഇത് ഏകദേശം 18 മണിക്കൂർ 30 മിനിറ്റും റഷ്യയിൽ ഏകദേശം 18 മണിക്കൂർ 29 മിനിറ്റുമാണ്. ആഗോള തലത്തിൽ ദക്ഷിണാഫ്രിക്ക, അർജന്റീന, ന്യൂസിലാൻഡ്, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് നോമ്പിന് ഏറ്റവും സമയ ദൈർഘ്യം കുറവുള്ളത്.ഈ രാജ്യങ്ങളിൽ ഏകാദേശം 11 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ മാത്രമാണ് നോമ്പ് സമയം.