കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റമദാൻ മാസം സർക്കാർ ഓഫീസുകൾക്ക് ഏർപ്പെടുത്തിയ ഫ്ളക്സിബിൾ ജോലി സമയ സംവിധാനം വൻ പരാജയമെന്ന് വിലയിരുത്തൽ. സർക്കാർ ഓഫീസുകളിൽ 3 ഷിഫ്റ്റുകളിലായി ജോലിസമയം ക്രമീകരിച്ചു കൊണ്ട് നടപ്പിലാക്കിയ ഈ സംവിധാനം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള രണ്ടാം പ്രവൃത്തി ദിനമായ ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളിൽ അതി രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ആസൂത്രണത്തിലെ പിഴവും വിദഗ്ദരുടെ അഭിപ്രായങ്ങൾ തേടാതെ തിടുക്കത്തിൽ നടപ്പിലാക്കിയതുമാണ് തീരുമാനം പരാജയപ്പെടാൻ കാരണമായതെന്നാണ് വിമർശനം ഉയരുന്നത്. മുമ്പ് കാലത്തും വിദ്യാലയ സമയങ്ങളിലും മാത്രമായിരുന്നു ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. എന്നാൽ സർക്കാർ ഓഫീസുകൾ മൂന്നു ഷിഫ്റ്റുകളിലായി പ്രവർത്തനം ആരംഭിച്ചതോടെ നിലവിൽ റോഡുകൾ മുഴുവൻ സമയവും വാഹനങ്ങൾ കൊണ്ട് വീർപ്പ് മുട്ടുകയാണ്.

സർക്കാർ ഓഫീസുകളിലെ ആദ്യ ഷിഫ്റ്റ്‌ ആരംഭിക്കുന്നത് രാവിലെ 9:30 മുതൽ മൂന്നാം ഷിഫ്റ്റ് കഴിയുന്ന വൈകുന്നേരം വരെയും തുടർച്ചയായ ഗതാഗത കുരുക്കാണ് ഇപ്പോൾ അനുഭവപ്പെട്ടു വരുന്നത്. ഇതിനു പുറമെ രാത്രി നോമ്പ് തുറന്നതിന് ശേഷം ബന്ധു വീട്കളിലേക്കും പള്ളികളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേയ്ക്കും പോകുന്നവരുടെയും തിരക്ക് ആരംഭിക്കുന്നു. പുതിയ സാഹചര്യം സുരക്ഷാ ഉദ്യോഗസ്ഥരെയും ട്രാഫിക് പട്രോളിംഗിനെയും കനത്ത സമ്മർദ്ധത്തിലാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!