കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി 3 ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻ വലിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വിപുലമായ പദ്ധതി തയ്യാറാക്കി വരുന്നതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ -ഖാലിദിന്റെ നിർദേശത്തെ തുടർന്നാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്നത്.
രാജ്യത്തെ മുഴുവൻ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെ നിലവിലെ അവസ്ഥ പഠിക്കുവാനും അവയിലെ എല്ലാ വിവരങ്ങളും അവലോകനം ചെയ്യുവാനുമാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ മന്ത്രാലയം ഇതിനായി ഒരു സമിതിയേ രൂപീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവരും അടിസ്ഥാന ശമ്പളം 600 ദിനാറിൽ താഴെയുള്ളവരുമായ എല്ലാ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസുകൾക്ക് മന്ത്രാലയം ബ്ലോക്ക് ഏർപ്പെടുത്തുവാനാണ് തീരുമാനമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
മുൻ കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കുന്ന ഈ തീരുമാനം വഴി ഏകദേശം 3 ലക്ഷം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. എന്നാൽ മറ്റു രാജ്യങ്ങളിൽ എന്ന പോലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും , പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കുകയും പൊതുഗതാഗത സംവിധാനം വിപുലീകരിക്കുകയും ചെയ്യുന്നതിനു പകരം പ്രവാസികളുടെ മേൽ അനീതി നടപ്പാക്കുന്നത് അന്താ രാഷ്ട്ര തലത്തിൽ രാജ്യത്തിന് വീണ്ടും അപകീർത്തി സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം പൗരന്മാരുടെ അഭിപ്രായം.നിലവിൽ രാജ്യം നേരിടുന്ന രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി സർക്കാർ കാര്യലയങ്ങളുടെ ജോലി സമയം മൂന്ന് ഷിഫ്റ്റുകളിലായി നടപ്പിലാക്കാൻ തീരുമാനിക്കുകയും പരീക്ഷണടിസ്ഥാനത്തിൽ ഇത് റമദാൻ മാസം മുതൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ തീരുമാനം വിപരീത ഫലം ഉളവാക്കിയ സാഹചര്യത്തിലാണ് പ്രവാസികളുടെ ഡ്രൈവിങ്ങ് ലൈസൻസുകൾ വെട്ടികുറയ്ക്കുവനുള്ള നീക്കത്തിന് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്.