കുവൈത്ത് സിറ്റി : കുവൈത്തിൽ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിന് പൊതു മരാമത്ത് മന്ത്രാലയം 35 ഓളം അന്താ രാഷ്ട്ര കമ്പനികളെ പരിഗണിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്ത്. രാജ്യത്തെ വിവിധ വിദേശ എംബസികൾ ഈ രംഗത്ത് തങ്ങളുടെ രാജ്യങ്ങളിലെ ഏറ്റവും വിദഗ്ദരായ കമ്പനികളുടെ പേര് വിവരങ്ങൾ മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. അതാത് രാജ്യങ്ങളിലെ സർക്കാർ, സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവ.റോഡുകളുടെയും , തെരുവുകളുടെയും അറ്റകുറ്റപ്പണികൾ, അസ്ഫാൽറ്റ് പുനർനിർമ്മാണം എന്നീ പ്രവർത്തനങ്ങൾക്കാണ് ഈ കമ്പനികളുടെ പേരുകൾ സമർപ്പിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം രാജ്യത്തെ തുർക്കി, ജപ്പാൻ, ചൈന, ഫ്രാൻസ്, കൊറിയ, ജർമ്മനി മുതലായ എംബസികളുടെ പ്രതിനിധികളുമായി പൊതു മരാമത്ത്,ജല, വൈദ്യുതി വകുപ്പ് മന്ത്രി ഡോ. അമാനി ബൗ കുമാസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ ഈ രംഗത്തെ ഏറ്റവും വിദഗ്ദരായ കമ്പനികളുടെ പേരുകൾ കുവൈത്ത് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ യുഎസ് എംബസിയുടെ പ്രതിനിധികൾ കുവൈത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിൽ ആവശ്യമായ പിന്തുണയും വൈദഗ്ധ്യവും നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർ നടപടികൾക്കായി മന്ത്രാലയം പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ഈ കമ്പനികളുമായി ആശയവിനിമയം നടത്തി വരികയുമാണ്.
തുടർ നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവയിൽ 20 എണ്ണം തുർക്കിഷ് കമ്പനികളും 5 എണ്ണം ജാപ്പനീസ് കമ്പനികളും 3 എണ്ണം ചൈനീസ് കമ്പനികളുമാണ്. ഇത് കൂടാതെ3 ഫ്രഞ്ച് കമ്പനികളും 3 കൊറിയൻ കമ്പനികളും ഒരു ജർമ്മൻ കമ്പനിയുമാണ് നാമ നിദേശം ചെയ്യപ്പെട്ടിരിക്കുന്നത്. തുടർ നടപടികൾ പൂർത്തിയായ ശേഷം അതാത് കമ്പനി പ്രതിനിധികൾ കുവൈത്തിലേത്തുകയും മന്ത്രാലയ അധികൃതർ അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അന്തിമ തീരുമാനം ആയാൽ ഈ വർഷം ജൂലായ് മാസത്തോടെ അറ്റ കുറ്റ പണികൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.