കുവൈത്ത് സിറ്റി : കുവൈത്തിലെ ആകെ പ്രവാസി തൊഴിലാളികളിൽ നാലിൽ ഒരു ശതമാനവും ജോലി ചെയ്യുന്നത് ഗാർഹിക മേഖലയിലെന്ന റിപ്പോർട്ടുകൾ പുറത്ത്. സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് പ്രകാരം 2022ൽ രാജ്യത്ത് 347,000 പുരുഷന്മാരും 406,000 സ്ത്രീകളും ഉൾപ്പെടെ ആകെ ഏഴു ലക്ഷത്തി അമ്പത്തി മൂവായിരം ഗാർഹിക തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
രാജ്യത്തെ ആകെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിന്റെ നാലിൽ ഒന്നിൽ അധികമാണ് ഈ സംഖ്യ. ഇന്ത്യയിൽ നിന്ന് 239,000 ഗാർഹിക തൊഴിലാളികളാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. ഇവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ഫിലിപ്പീൻസിൽ നിന്നുള്ള ആകെ 199,000 ഗാർഹിക തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളുമാണ്. രാജ്യത്തെ ആകെ ഗാർഹിക തൊഴിലാളികളിൽ 44.8 ശതമാനം പേർ ഇന്ത്യകാരും 26.6 ശതമാനം പേർ ഫി ലിപ്പീനോകളുമാണ്. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് രാജ്യത്തെ 94.9 ശതമാനം ഗാർഹിക തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നത്. ഇതിനു പുറമെ എത്യോപ്യ (1.1 ശതമാനം), ബെനിൻ (0.6 ശതമാനം), സുഡാൻ (0.2 ശതമാനം) എന്നിങ്ങനെ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഗാർഹിക മേഖലയിൽ സജീവ സാന്നിധ്യമാണ്. കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ആകെ 835,000 ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്നതായും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു.