കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വർഷം പെയ്ത മഴയുടെ അളവ് 1934, 1997, 2013, 2018 വർഷങ്ങളിലെ പ്രളയ കാലത്ത് പെയ്ത മഴയുടെ അളവിന് തുല്യമാണെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ട സ്വിസ് മെറ്റോബ്ലൂ ശൃംഖലയുമായി സഹകരിച്ച് കേന്ദ്രം രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്‌തമാകുന്നതെന്ന് കേന്ദ്രം ഡയറക്ടർ ജനറൽ യൂസഫ് അൽ-ഉജൈരി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
2023 ൽ ഇതുവരെ 106 മില്ലിമീറ്റർ മഴയാണ് രാജ്യത്ത് ലഭിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവാണിത്. കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ പെയ്ത മഴയുടെ അളവ് ചില പ്രദേശങ്ങളിൽ 61 മില്ലീമീറ്റർ വരെ രേഖപ്പെടുത്തിയിരുന്നു. 1934-ലെ ഒരു റമദാൻ മാസക്കാലത്ത് ഉണ്ടായ പ്രളയയം പതിനെട്ടായിരത്തോളം പേരെ നേരിട്ട് ബാധിച്ചിരുന്നു. 300 മില്ലീമീറ്റർ ആയിരുന്നു അന്ന് പെയ്ത മഴയുടെ അളവ്. 1941 ലെ സരയത്ത് സീസണിൽ ഉണ്ടായ ശക്തമായ കാറ്റും മഴയുമാണ് കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രളയമായി രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ശക്തമായ ആലിപ്പഴ വർഷത്തിനും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. 1954ൽ രാജ്യത്ത് 300 മില്ലി മീറ്റർ മഴ ലഭിച്ചു. 1997ൽ ഒറ്റ ദിവസം മാത്രമായി പെയ്ത മഴയുടെ അളവ് 65 മില്ലീമീറ്റർ ആയിരുന്നു.