കുവൈത്ത് സിറ്റി: 2023 അവസാനം വരെ കുവൈത്ത് എണ്ണ ഉൽപാദനം വെട്ടിക്കുറക്കും. പ്രതിദിനം 1,28,000 ബാരൽ സ്വമേധയാ വെട്ടിക്കുറക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദർ അൽ മുല്ല അറിയിച്ചു. ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനമെടുത്ത സാഹചര്യത്തിലാണ് ഈ നടപടി.
2022 ഒക്ടോബർ അഞ്ചിന് നടന്ന 33ാമത് ഒപെക്, നോൺ-ഒപെക് മന്ത്രിതല യോഗത്തിൽ ഉൽപാദനം കുറക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമുള്ള തീരുമാനത്തിനെ തുടർന്നാണ് ഈ വെട്ടിക്കുറക്കലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ മറ്റു എണ്ണഉൽപാദകരായ ഒപെക് പ്ലസ് രാജ്യങ്ങളും തീരുമാനമെടുത്തിട്ടുണ്ട്.
പ്രതിദിനം ആകെ പത്തുലക്ഷം ബാരലിലേറെ എണ്ണയുൽപാദനമാണ് കുറക്കാൻ തീരുമാനം. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, അൽജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൽപാദനം കുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സൗദി അഞ്ചുലക്ഷം ബാരൽ പ്രതിദിനം ഉൽപാദനം കുറക്കും. യു.എ.ഇ 1.44 ബാരലിന്റെ കുറവു വരുത്തും. അതേസമയം ഒമാൻ പ്രതിദിനം 40,000 ബാരൽ വീതം കുറക്കും.