കുവൈത്ത് സിറ്റി : കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ യാത്രക്കാർക്കായി ഇലക്ട്രോണിക് രജിസ്‌ട്രേഷൻ ,ഇ-ബോർഡിംഗ് കാർഡ് സംവിധാനങ്ങൾ ആരംഭിച്ചു. പുതിയ സംവിധാനത്തിലൂടെ കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റ് വഴിയോ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ യാത്രക്കാർക്ക് യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. 22-ലധികം സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം ലഭ്യമാകുക. യാത്രക്കാർക്ക് കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റിലോ ഇലക്ട്രോണിക് ആപ്ലിക്കേഷനിലോ രജിസ്റ്റർ ചെയ്ത ശേഷം തങ്ങൾക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും റിസർവേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പുതിയ സംവിധാനം വഴി സാധിക്കും.
ലാഗേജ് കൊണ്ട് പോകാത്ത യാത്രക്കാർക്ക് അവരുടെ ബാർ കോഡ് ഉപയോഗിച്ച് ബാഗേജ് വിഭാഗത്തിൽ ചെക്ക് ഇൻ ചെയ്യാതെ പാസ്‌പോർട്ട് വിഭാഗത്തിലേക്ക് നേരിട്ട് പ്രവേശനം നടത്താവുന്നതാണ്. ഇതിനായി ബോർഡിങ് ഗേറ്റിലെ ജീവനക്കാരന് ബാർകോഡ് കാണിക്കണം.ലഗേജ് കൊണ്ടു പോകുന്ന യാത്രക്കാർക്ക് സെൽഫ് ലാഗേജ് വെയ്റ്റിംഗ് ഉപകരണം ലഭ്യമായ വിമാന താവളങ്ങളിൽ ഇത് വഴി യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. ഈ ഉപകരണം ലഭ്യമല്ലാത്ത വിമാന താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ ലാഗേജ് വെയ്റ്റിംഗ് ഏരിയയിലേക്ക് പോകുകയും ജീവനക്കാർക്ക് ബാർ കോഡ് കാട്ടിയ ശേഷം ആവശ്യമായ സഹായങ്ങൾ തേടാവുന്നതുമാണ്.