കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ മന്ത്രാലയത്തിലെ മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കുവൈത്തിൽ ഇന്ത്യൻ നിർമ്മിത ഔഷധങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.
കൊറോണ മഹാമാരിയുടെ കാലത്ത് ആരോഗ്യ രംഗത്ത് കുവൈത്തിനു ഇന്ത്യ നൽകിയ സഹകരണത്തിനും സഹായങ്ങൾക്കും ആരോഗ്യമന്ത്രി ഇന്ത്യൻ സ്ഥാനപതിയോട് നന്ദി അറിയിച്ചു. സ്വകാര്യ ആശുപത്രികൾ തമ്മിലുള്ള ബന്ധം, ഇന്ത്യൻ മരുന്നുകളുടെ ലഭ്യത, ഇന്ത്യയിലേക്കുള്ള മെഡിക്കൽ ടൂറിസം, ആരോഗ്യ രംഗത്തെ കൂടുതൽ സഹകരണം മുതലായ വിഷയങ്ങൾക്ക് പുറമെ കുവൈത്തിലെ ഇന്ത്യൻ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്‌സുമാർ എന്നിവരുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും ഇരുവരും ചർച്ച ചെയ്തു.