കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് പാകിസ്ഥാനിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട ഡോക്ടർമാരും നഴ്സുമാരും പാരാ മെഡിക്കൽ സ്റ്റാഫുകളും ഉൾപ്പെടുന്ന 200 പേർ കുവൈത്തിൽ എത്തി. പാക്കിസ്ഥാനിൽ നിന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പത്തൊമ്പതാമത്തെ ബാച്ചാണ് ഇപ്പോൾ എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവർ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിയമിക്കപ്പെട്ടതെന്ന് കുവൈത്തിലെ പാകിസ്ഥാൻ സ്ഥാനപതി മാലിക് മുഹമ്മദ് ഫാറൂഖ് വ്യക്തമാക്കി.
പാകിസ്ഥാനിൽ നിന്നുള്ള മെഡിക്കൽ, നഴ്‌സിംഗ് ജീവനക്കാരുടെ തൊഴിൽ പരമായ മികവും അർപ്പണബോധവും കുവൈത്തിൽ പൊതുവെ പ്രകീർത്തിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തിൽ സ്വകാര്യ ആരോഗ്യ മേഖലയിലും മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. കുവൈത്തിൽ ജോലി ചെയ്യുന്ന മെഡിക്കൽ, നഴ്‌സിംഗ് കേഡർമാർക്ക് തങ്ങളുടെ കുടുംബങ്ങളെയും കുട്ടികളെയും ഇവിടെക്ക് കൊണ്ടു വരുന്നതിന് പ്രയാസങ്ങൾ നേരിടുകയാണ്. ആഭ്യന്തര മന്ത്രാലയം ഈ വിഷയം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.