കുവൈത്ത് സിറ്റി : കുവൈത്തിൽ ഓൺ ലൈൻ വഴിയുള്ള ഭിക്ഷാടനം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. ഇത് സംബന്ധിച്ച് നേരത്തെയും നിരവധി പരാതികൾ ഉണ്ടായിരുന്നുവെങ്കിലും റമദാൻ മാസം ആരംഭിച്ചതോടെയാണ് ഭിക്ഷാടകർ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ശക്തമായിരിക്കുന്നത്. സോഷ്യൽ മീഡിയ അകൗണ്ട് ഉടമകളെ കണ്ടെത്തി ഇവരുടെ അക്കൗണ്ടിൽ കയറിയാണ് സഹായഭ്യർത്ഥന നടത്തുന്നത്. രോഗികളുടെ ചികിത്സ, പ്രകൃതി ദുരന്തം, പെൺ കുട്ടികളുടെ വിവാഹം മുതലായ ആവശ്യങ്ങൾ മുൻ നിർത്തിയാണ് പലർക്കും പൊതുവെ സഹായഭ്യർത്ഥന ലഭിക്കാറുള്ളത്. ഇതോടൊപ്പം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും വ്യാജ രേഖകളും അയക്കുന്നതും പതിവാണ്.
വ്യക്തികളുടെ ഫോൺ നമ്പർ കണ്ടെത്തി വാട്സ് ആപ്പ് വഴി അഭ്യർത്ഥനകൾ നടത്തുന്ന സംഭവങ്ങളും വ്യാപകമായിട്ടുണ്ട്. ഇതോടൊപ്പം അയക്കുന്ന ലിങ്കുകൾ വഴി പണം അയക്കുവാനാണ് യാചകർ ആവശ്യപ്പെടാറുള്ളത്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്സ് ആപ്പ് മുതലായ സൊഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴിയാണ് കുവൈത്ത് കേന്ദ്രീകരിച്ചുള്ള ഭിക്ഷാടനങ്ങളിൽ ഭൂരി ഭാഗവും നടക്കുന്നത്. റമദാൻ മാസത്തിലെ ആത്മീയ അന്തരീക്ഷവും വിശ്വാസികളുടെ ഉദാരതയും മുതലെടുത്തു കൊണ്ടാണ് ഭിക്ഷാടകർ തട്ടിപ്പു നടത്തുന്നത്. ഇത് സംഘടിതമായി നടക്കുന്ന ഒരു വ്യാപാരമാണെന്നാണ് സൈബർ സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.