കുവൈത്തിൽ സ്വദേശി പാർപ്പിട മേഖലകളിൽ താമസിക്കുന്ന വിദേശികളായ ബാച്ചിലർമാരെ ഒഴിപ്പിക്കുന്നതുനുള്ള നടപടികൾ പുന രാരംഭിക്കുന്നു. ഇതിനായി അഹമ്മദി, ഹവല്ലി മുനിസിപാലിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് അൽ-ദബ്ബൂസിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ പുനഃക്രമീകരിക്കാൻ മുനിസിപ്പൽ, കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഫഹദ് അൽ-ഷൂല ഉത്തരവ് പുറപ്പെടുവിച്ചു. ആഭ്യന്തര, ജല വൈദ്യുതി മന്ത്രാലയം, സിവിൽ ഇൻഫോർമേഷൻ , റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ആന്റ് ഓതന്റിക്കേഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, മുനിസിപ്പാലിറ്റി മുതലായ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരും സമിതിയിൽ അംഗങ്ങളായിരിക്കും.

സ്വകാര്യ,മാതൃകാ ഭവന മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയുവാൻ കഴിയുന്ന തരത്തിൽ ഒരു പ്രവർത്തന സംവിധാനം വികസിപ്പിക്കുവാനാണ് സമിതിയുടെ ചുമതല. ഇതുമായി ബന്ധപ്പെട്ട് 1992 ലെ ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കുവാനും സമിതിക്ക് അധികാരം ഉണ്ടായിരിക്കും. ഈ സംവിധാനം നടപ്പിലാക്കുവാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഇത് പ്രാവർത്തികമാക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തി. സ്വദേശി പാർപ്പിട മേഖലകളിൽ താമസിക്കുന്ന വിദേശികളെ പിടി കൂടി നാട് കടത്തുന്നതിനുള്ള നടപടികൾ താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം ഇത് വീണ്ടും പുനരാരംഭിക്കുമെന്നാണ് മന്ത്രിയുടെ ഉത്തരവിലൂടെ വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!