കുവൈത്ത് സിറ്റി: മത്സ്യബന്ധന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക്ക് അതോറിറ്റി ഫോർ
അഗ്രികൾചർ ആൻഡ് ഫിഷ് റിസോഴ്സസ് അഫയേഴ്സ് ആക്ടിങ് ഡയറക്ടർ ജനറൽ മിഷാൽ അൽ ഖുറൈഫ അറിയിച്ചു. നിരോധിത മത്സ്യബന്ധന വലകളുടെ ഉപയോഗം, മീൻപിടിത്തം എന്നിവയിൽ ശ്രദ്ധവേണമെന്നും അദ്ദേഹം വ്യക്തമാക്കി.
അവധിക്കാലത്ത് മാരിടൈം കൺട്രോൾ ഡിപ്പാർട്മെന്റിൽ അൽ ഖുറൈഫ പരിശോധന നടത്തി വരികയാണ്. ജോലിക്കാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ജോലിയുടെ പുരോഗതി അന്വേഷിച്ചറിഞ്ഞു. രാജ്യത്തെ നിയമവിരുദ്ധമായ മത്സ്യബന്ധന പ്രവർത്തനങ്ങൾ കുറക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.
പെരുന്നാൾ അവധിക്കാലത്തും രാജ്യത്തിന്റെ അതിർത്തികൾ, സുരക്ഷ, മത്സ്യസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിനുള്ള കടമ നിർവഹിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.
മത്സ്യസമ്പത്ത് സംരക്ഷിക്കണമെന്നും സമുദ്ര പര്യടനങ്ങളിൽ ജാഗ്രത വർധിപ്പിക്കാനും ഉദ്യോഗസ്ഥരോടും ജീവനക്കാരോടും അൽ ഖുറൈഫ ആഹ്വാനം ചെയ്തു. തീരവും മത്സ്യസമ്പത്തും സംരക്ഷിക്കുന്നതിൽ മറ്റു വകുപ്പുകളുമായും ബന്ധപ്പെട്ട അധികാരികളുമായുമുള്ള സഹകരണവും ഏകോപനവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.