കുവൈത്ത് സിറ്റി: പെരുന്നാൾ അവധി കഴിഞ്ഞ് സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇന്നു മുതൽ വീണ്ടും പ്രവർത്തി ദിവസങ്ങളിലേയ്ക്ക്. വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസമാണ് രാജ്യത്ത് പെരുന്നാൾ അവധി നൽകിയത്. വ്യാഴാഴ്ച നോമ്പ് അവസാനിക്കുകയും വെള്ളിയാഴ്ച പെരുന്നാൾ ആകുകയും ചെയ്തതോടെ തുടർന്നുള്ള അവധി ദിനങ്ങളുടെ ആഘോഷത്തിലായിരുന്നു ജനങ്ങൾ. കുവൈത്തിൽ കുടുംബമായി താമസിക്കുന്നവർ വിനോദകേന്ദ്രങ്ങൾ സന്ദർശിച്ചും കുടുംബത്തോടൊപ്പം ചെലവഴിച്ചും പെരുന്നാളും അവധിദിനങ്ങളും ആഘോഷിച്ചു. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചവരും നിരവധിയാണ്. പെരുന്നാൾ അവധിക്കൊപ്പം വാർഷിക അവധികൂടി ലഭിച്ചവരും ഒരാഴ്ചക്കും 10 ദിവസങ്ങൾക്കുമൊക്കെയായി പ്രത്യേക അവധി എടുത്ത് നാട്ടിലേക്കു തിരിച്ചവരുമുണ്ട്.
കുവൈത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാൻ പോയവരുമുണ്ട്. ദുബൈ, ഇസ്തംബുൾ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അവധി ചെലവഴിക്കാൻ സ്വദേശികൾ കൂടുതലായും യാത്രചെയ്തത്. യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാനത്താവളത്തിലും തിരക്ക് അനുഭവപ്പെടുകയുണ്ടായി. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസമാണ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത്. ഇവർ തിരിച്ചുവരവ് ആരംഭിച്ചതോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും വിമാനത്താവളത്തിൽ തിരക്ക് അനുഭവപ്പെട്ടു. പെരുന്നാൾ അവധി ദിനങ്ങളിൽ ദിനേന 300 വിമാനങ്ങളിലായി 37,000 യാത്രക്കാരാണ് വിമാനത്താവളത്തിൽനിന്ന് യാത്രയായത്. ഈ മാസം 20 മുതൽ 25 വരെ 1800 വിമാനങ്ങളാണ് സർവിസ് നടത്തിയത്.
ഓഫിസുകൾക്കും സ്കൂളുകൾക്കും അവധിയായതോടെ ജനങ്ങൾ കൂട്ടത്തോടെ വിനോദകേന്ദ്രങ്ങളിൽ എത്തിയത് ഇവിടങ്ങളിലും തിരക്ക് വർധിപ്പിച്ചിരുന്നു. അതേസമയം, റമദാൻ മാസത്തിൽ രാജ്യത്ത് നടപ്പാക്കിയ ഫ്ലക്സിബ്ൾ പ്രവൃത്തി സമയം പൊതുമേഖലയിൽ തുടരും.
റമദാനിൽ അഞ്ചു മണിക്കൂറായിരുന്ന ജോലിസമയം ഇനി ഏഴു മണിക്കൂറാകും. രാവിലെ ഏഴു മുതൽ 3.30 വരെയുള്ള പ്രവൃത്തിസമയത്തെ
നാലു വിഭാഗമായി തിരിച്ച് പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 7.00 മുതൽ 2.00 വരെ, 7.30 മുതൽ 2.30, 8.00 മുതൽ 3.00, 8.30 മുതൽ 3.30 വരെ എന്നിങ്ങനെയാണ് ഷെഡ്യൂളുകൾ. ജോലിക്കാർക്ക് ഇതിൽ അനുയോജ്യമായ സമയം തിരഞ്ഞെടുക്കാം.