കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വർഷം ജനുവരി 1 മുതൽ ഏപ്രിൽ 28 വരെയുള്ള കാലയളവിൽ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് നാട് കടത്തിയത് 11,000 പ്രവാസികളെയാണ്. ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിലെ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടേയുള്ള പ്രവാസികളാണ് നാട് കടത്തൽ ശിക്ഷയ്ക്ക് വിധേയരായത്.
അതേസമയം താമസ നിയമം ലംഘിച്ചു കഴിയുന്ന പ്രവാസികളെ പിടികൂടുന്നതിനുള്ള സുരക്ഷാ പരിശോധനകൾ വരും ദിവസങ്ങളിൽ വ്യാപകമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജസ് അറിയിച്ചു . നിയമ ലംഘകർക്ക് ജോലി നൽകുന്നവർക്കും അഭയം നൽകുന്നവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ ജന സംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിനും തൊഴിൽ വിപണി ശുദ്ധീകരിക്കുന്നതിന്റെയും ഭാഗമായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.