കുവൈത്ത് സിറ്റി: സാമ്പത്തിക വളർച്ച നിരക്കിൽ ഗള്‍ഫ് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനം നേടാൻ കുവൈറ്റിന് കഴിഞ്ഞു. പ്രതിശീർഷ ജി.ഡി.പിയിലും ആളോഹരി വരുമാനത്തിലും നേരിയ വര്‍ധനവും രാജ്യം കൈവരിച്ചു. ഗ്ലോബൽ ഫിനാൻസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഗള്‍ഫ് മേഖലയില്‍ കുവൈത്ത് അഞ്ചാം സ്ഥാനം രേഖപ്പെടുത്തിയത്.
ഐ.എം.എഫ് ഏപ്രിലില്‍ പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം കുവൈത്തിന്റെ പ്രതിശീർഷ ജി.ഡി.പി കഴിഞ്ഞ വര്‍ഷത്തെ 51,000 ഡോളറിൽ നിന്ന് 53,000 ഡോളറായി ഉയര്‍ന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ പരിധിയിലേക്ക് പണപ്പെരുപ്പം എത്തിക്കുകയെന്ന ലക്ഷ്യം ഫലം കാണുമെങ്കിലും ഈ വര്‍ഷത്തെ സാമ്പത്തിക വളർച്ചയിൽ മന്ദത ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പ്രതിശീർഷ വിഹിതത്തിൽ ഗൾഫ് മേഖലയിൽ ഖത്തറാണ് ഒന്നാം സ്ഥാനത്ത്. യു.എ.ഇ രണ്ടാം സ്ഥാനത്തും സൗദി അറേബ്യ, ബഹ്റൈൻ മൂന്നും നാലും സ്ഥാനത്തും ഒമാന്‍ ആറാം സ്ഥാനത്തുമാണ്. നിലവിൽ കുവൈത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ പകുതിയും സർക്കാർ വരുമാനത്തിന്റെ 90 ശതമാനവും എണ്ണ മേഖലയിൽനിന്നാണ്. എണ്ണ ശേഖരം തന്ത്രപരമായി വിനിയോഗിക്കുന്നതാണ് കുവൈത്തിന്റെ സാമ്പത്തിക വളർച്ചയിൽ നേട്ടം ഉണ്ടാക്കിയത്.
അതിനിടെ ലോകബാങ്കിന്റെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് 31ാം സ്ഥാനത്തുനിന്നും 36ാം സ്ഥാനത്തേക്ക് താഴ്ന്നു. കരാറുകൾ നൽകുന്നതിലുള്ള കാലതാമസവും രാഷ്ട്രീയ അനിശ്ചിതത്വവും കുവൈത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പിറകോട്ട് വലിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.