കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഭാഗമായി അഞ്ചാം ദിവസം 15 പേരാണ് പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പിച്ചവരിൽ
രണ്ടുപേർ വനിതകളാണ്. ഇതോടെ മത്സര രംഗത്തുള്ള മൊത്തം സ്ഥാനാർഥികളുടെ എണ്ണം നാലു സ്ത്രീകളടക്കം 119 ആയി. രണ്ടാം മണ്ഡലത്തിൽ നിന്ന് ആലിയ ഫൈസൽ അൽ ഖാലിദ്, നാലാം മണ്ഡലത്തിൽനിന്ന് മറിയം മൊഹ്സിൻ അൽ മുതൈരി എന്നിവരാണ് പത്രിക നൽകിയ വനിതകൾ.
ഒന്നാം മണ്ഡലത്തിൽ രണ്ട്, രണ്ടാം മണ്ഡലത്തിൽ ഒന്ന്, മൂന്നാം മണ്ഡലത്തിൽ മൂന്ന്, നാലാം മണ്ഡലത്തിൽ അഞ്ച്, അഞ്ചാം മണ്ഡലത്തിൽ നാലു പേർ എന്നിങ്ങനെയാണ് ചൊവ്വാഴ്ച പത്രിക സമർപ്പിച്ചത്. വെള്ളിയാഴ്ചയാണ് സ്ഥാനാർഥികളിൽനിന്ന് പത്രിക സ്വീകരിച്ചുതുടങ്ങിയത്. ഈ മാസം 14 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ജൂൺ ആറിനാണ് തെരഞ്ഞെടുപ്പ്. അസാധുവാക്കിയ രണ്ട് അസംബ്ലിയിലെ നിരവധി മുൻ എം.പിമാരടക്കം മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.