കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ കിരീടം 16ാം തവണയും സ്വന്തമാക്കി കുവൈത്ത് സ്പോർട്സ് ക്ലബ് ചരിത്രം കുറിച്ചു. ജാബിർ അൽ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹോൾഡേഴ്സ് കസ്മയെ 3-0ത്തിന് തോൽപിച്ചാണ് 2022-2023 സീസണിലെ കിരീടമണിഞ്ഞത്. ഇതോടെ അമീർ കപ്പ് ചരിത്രത്തിൽ കുവൈത്ത് സ്പോർട്സ് ക്ലബ് പുതിയ റെക്കോഡ് സ്വാന്തമാക്കി.
അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിജയികൾക്ക് അഭിനന്ദനങ്ങൾ നേർന്നു. ഫൈനലിലെ ഇരു ടീമുകളുടെയും മികച്ച പ്രകടനത്തെ പ്രശംസിച്ച അമീർ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ടീമുകൾക്കും കളിക്കാർക്കും കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ എന്നും ആശംസിച്ചു. അമീറിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് വിജയികൾക്ക് ട്രോഫി കൈമാറി.