കുവൈത്ത് സിറ്റി: ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയുമായി കൂടിക്കാഴ്ച നടത്തി. ശൈഖ് സലീമിന്റെ കാനഡ സന്ദർശന വേളയിൽ നടന്ന
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും വിവിധ തലങ്ങളിൽ അവയെ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇരുവരും പങ്കുവെച്ചു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ സംയുക്ത ഏകോപനവും സഹകരണവും ശക്തമാക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ തുടരുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
കനേഡിയൻ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും കുവൈത്ത് ഭരണനേതൃത്വത്തിന്റെ ആശംസകൾ ശൈഖ് സലീം അറിയിച്ചു. കുവൈത്തും കാനഡയും തമ്മിലുള്ള സഹകരണത്തിൽ എല്ലാ തലങ്ങളിലും പ്രത്യേകിച്ച് മാനുഷിക, വികസന മേഖലകളിലുള്ള സുസ്ഥിരമായ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു. കുവൈത്തിന്റെ മാനുഷിക ശ്രമങ്ങൾക്കും ലോകമെമ്പാടുമുള്ള ആളുകളെ സഹായിക്കുന്നതിനുള്ള ശ്രമങ്ങൾക്കും മെലാനി ജോളി അഭിനന്ദനം അറിയിച്ചു.