കുവൈത്ത് സിറ്റി : കുവൈത്തിൽ തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി ഒരു ഷെൽട്ടർ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാർഷിക, മത്സ്യവിഭവശേഷി പൊതു സമിതി അധികൃതർ നഗരസഭാ കൗൺസിലിന് അപേക്ഷ നൽകി.രാജ്യത്ത് തെരുവ് നായ്ക്കൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അതിന്റെ സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളും വിവരിക്കുന്ന കത്തിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി ധാരാളം പരാതികൾ ലഭിച്ചതായും സൂചിപ്പിക്കുന്നു. ഇതിനായി പാർപ്പിട കേന്ദ്രങ്ങളിൽ നിന്നും വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്ന 10,000 ചതുരശ്ര മീറ്റർ സ്ഥലം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
തെരുവ് നായ്ക്കളെ പിടി കൂടി വന്ധ്യംകരിച്ച ശേഷം ഈ കേന്ദ്രത്തിലേക്ക് മാറ്റി അവയെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും കാർഷിക മത്‍സ്യ ബന്ധന പൊതു സമിതി ജനറൽ മാനേജർ മെഷാൽ അൽ ഖുറൈഫ മുനിസിപ്പാലിറ്റി പ്രസിഡന്റ് അബ്ദുല്ല അൽ മഹ്‌രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.