കുവൈത്ത് സിറ്റി : കുവൈത്തിൽ ഷെയർഹോൾഡിംഗ് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു. ഇത് പ്രകാരം വാണിജ്യ വ്യവസായ, മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ കമ്പനി രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമുള്ള നടപടിക്രമങ്ങൾ 24 മണിക്കൂറിനകം പൂർത്തിയാക്കാൻ സാധിക്കും. വിഷൻ 2035 ന്റെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടു വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ-അയ്ബാന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. 17 ഘട്ടങ്ങളിലായി 60 ദിവസങ്ങളാണ് ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നേരത്തെ വേണ്ടിയിരുന്നത്.
എന്നാൽ പുതിയ തീരുമാനം അനുസരിച്ച് വെറും നാല് ഘട്ടങ്ങളിലായി 24 മണിക്കൂറിനകം ഇവ പൂർത്തിയാക്കുവാൻ സാധിക്കുന്നതാണ്. പുതിയ തീരുമാനം രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടു വരുന്നതിനും ജോയിന്റ്-സ്റ്റോക്ക് കമ്പനികളുടെ ഇടപാടുകളിൽ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുവാനും രാജ്യത്തെ വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്നു വാണിജ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.