കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നലെ അവസാനിച്ചു. അവസാന ദിവസമായ
ഞായറാഴ്ച ആറു വനിതകളും 35 പുരുഷന്മാരും ആഭ്യന്തര മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പുകാര്യ വകുപ്പിന് പത്രിക സമർപ്പിച്ചു. ഇതോടെ
മത്സര രംഗത്തുള്ളവരുടെ എണ്ണം 254 ആയി. 239 പുരുഷന്മാരും 15 വനിതകളുമാണ് പൊതുജന പിന്തുണ തേടുന്നത്. അതിനിടെ, രണ്ടുപേരെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒന്നാം മണ്ഡലത്തിൽനിന്ന് മൂന്ന്, രണ്ടാം മണ്ഡലത്തിൽനിന്ന് 11, മൂന്നാം മണ്ഡലത്തിൽനിന്ന് 11, നാലാം മണ്ഡലത്തിൽനിന്ന് 12, അഞ്ചാം മണ്ഡലത്തിൽനിന്ന് നാല് എന്നിങ്ങനെയാണ് പത്രിക നൽകിയവരുടെ എണ്ണം. മേയ് അഞ്ചിനാണ് നാമനിർദേശ പത്രിക സ്വീകരിച്ചുതുടങ്ങിയത്. തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് വോട്ടെടുപ്പ് ദിവസത്തിന് ഏഴു ദിവസം മുമ്പു വരെ (മേയ് 30) സ്ഥാനാർഥിത്വം പിൻവലിക്കാം. ജൂൺ ആറിനാണ് തെരഞ്ഞെടുപ്പ്.
സുരക്ഷിതമായി തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ എല്ലാ ക്രമീകരണങ്ങളും സജ്ജമായതായി ആഭ്യന്തര അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് പറഞ്ഞു. വോട്ടർമാർക്കും സ്ഥാനാർഥികൾക്കും സുരക്ഷ ഉറപ്പുനൽകാനും സുഗമമായി വോട്ടെടുപ്പ് പൂർത്തീകരിക്കാനും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സുരക്ഷ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകാര്യ വകുപ്പ് ഓഫിസ് സന്ദർശിച്ച അൽ ബർജാസ് പ്രവർത്തനങ്ങൾ വിലയിരുത്തി.