കുവൈത്ത് സിറ്റി: ലിംഗസമത്വം കൈവരിക്കുന്നതിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമതാണ് എന്ന് സാമൂഹികകാര്യ മന്ത്രിയും വനിത
ശിശുക്ഷേമ മന്ത്രിയുമായ മായ് അൽ ബാഗ്ലി. രാജ്യത്തിന്റെ വികസന പദ്ധതികളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുക എന്ന
ലക്ഷ്യത്തിലേക്ക് കുവൈത്ത് നീങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി. കുവൈത്ത് വനിത ദിനത്തോടനുബന്ധിച്ച് മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മായ് അൽ ബാഗ്ലി.
സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിൽ നേതൃത്വത്തിന്റെ താൽപര്യവും അവരുടെ ശാക്തീകരണത്തിനുള്ള പിന്തുണയും മന്ത്രി വ്യക്തമാക്കി. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളിൽ സ്ത്രീകളുടെ പങ്ക് സജീവമാക്കുന്നതിനൊപ്പം, വിവിധ മേഖലകളിൽ വനിതകളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക എന്നതും ശ്രദ്ധേയമാണ്. സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും അവരുടെ കഴിവുകൾ ഉയർത്തിക്കാട്ടുന്നതിനും വികസന പരിപാടികളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുമെന്നും മായ് അൽ ബാഗ്ലി പറഞ്ഞു.